ക്രിസ്തുമസ്സ് ചിന്തകൾ
ആദ്യത്തെ ക്രിസ്തുമസ്സ് രാവിൽ ഇടയന്മാർ കേട്ട വാർത്ത എന്തായിരുന്നു. ?
"ഭയപ്പെടേണ്ട, സർവ്വജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിൻ്റെ പട്ടണത്തിൽ ഇന്ന് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു." (ലൂക്കോസ് 2:10)
ആദ്യ സദ്വർത്തമാനം കേട്ടത് ഇടയന്മാരായിരുന്നു എങ്കിലും, അത് എല്ലാവർക്കുമായിട്ടായിരുന്നു എന്നാണ് സൂചന. അപ്പോൾ ഇടയ ന്മാർ സന്ദേശ വാഹകരായിരുന്നു എന്ന് വ്യക്തം. തൻ്റെ ഉദ്ദേശ്യ ങ്ങൾക്കായി ദൈവം ഏറ്റം നിസ്സാര മായതിനെയും, എളിയവനെയും തെരഞ്ഞെടുക്കുന്നു എന്നത് അത്ഭു താവഹമാണ്.
ദൈവദൂതർ അവതരിപ്പിച്ചു സംഘഗാനം ശ്രോതാക്കൾക്ക് അന്നും ഇന്നും കർണ്ണ പീയൂഷമാ യിരിക്കുന്നു. സൻമനസ്സും, മനസ്സലിവുള്ളവരെയും വാനോളമുയർത്തി സ്വർഗ്ഗാവകാശികളാക്കുന്നതാണ് ഈ ഗാനം. പ്രഥമ ക്രിസ്‌തുമസ്സും അനന്തരം ചുരുളഴിയുന്ന സംഭവപരമ്പരകളും പറഞ്ഞു തരുന്ന സന്ദേശവും അതു തന്നെ...... ദൈവസ്നേഹവും മനുഷ്യസ്നേഹവും കൊണ്ടു നിറയുന്നവർക്കേ സമാധാനമുണ്ടാകൂ... നമുക്ക് ക്രിസ്തുമസ്സ് ആഘോഷമാണ്. തിന്മയിൽ നിന്ന് നന്മയിലേക്കും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും മരണത്തിൽ നിന്ന് ജീവനിലേക്കും നമ്മെ കൈപിടിച്ചു കൊണ്ടുപോകാൻ സ്വർഗ്ഗസിംഹാസനം വെടിഞ്ഞു വന്ന ദൈവപുത്രൻ്റെ പ്രത്യക്ഷതയാണ് നാം ആഘോഷിക്കുന്നത്. ക്രമവിരുദ്ധ ആഘോഷങ്ങൾക്കും ധൂർത്തിനുമുള്ളതല്ല ക്രിസ്‌തുമസ്സ്. മനുഷ്യാവതാരം ചെയ്‌ത ദൈവപുത്രന്റെ മുഖമുദ്ര ദാരിദ്ര്യവും നിസ്സാരാവസ്ഥയുമാണ്. ദരിദ്രരുടെ ലോകത്തിലേക്ക് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും കുളിർ കാറ്റായി ഉണ്ണിയേശു എത്തി.
സഹനത്തിലും ത്യാഗത്തിലും കൂടിയാണ് ഈ പരിത്രാണം അദ്ദേഹം നേടിത്തന്നത്. ത്യാഗമില്ലാതെ രക്ഷപ്പെടുത്തലില്ല. ക്രിസ്‌തുമസ്സിൽ വിളംബരം ചെയ്യപ്പെടുന്ന ശാന്തിയുടെയും, സന്തോഷത്തിന്റെയും പൂർത്തീകരണം കുരിശുമരണ ത്തിലും പുനരുത്ഥാനത്തിലുമാണ് കാണുന്നത്. ക്രൂശിലെ ത്യാഗത്തിന്റെ സന്ദേശം കൂടി ചേർത്തു വായിച്ചെങ്കിലേ, തിരുജനനത്തിൻ്റെ പൊരുൾ തിരിച്ചറിയാനാകൂ. ക്രിസ്‌തുമസ്സ് മാത്രം മതി; കാൽവറി വേണ്ടാ എന്നു പറയുന്നത് കഥയറിയാതെയാണ് . ഇത്തരം ചിന്ത പൈശാചികമാണ്.
അനുഗ്രഹങ്ങൾ പങ്കിടുകയും ദരിദ്രരെയും രോഗികളെയും, പരിചരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ക്രിസ്‌തുമസ്സിന്റെ പൊരുൾ സ്വന്തം അനുഭവമാകുകയുള്ളൂ. അതിലൂടെ മാത്രം.
അതിന് ഈ വർഷത്തെ ക്രിസ്‌തുമസ്സ് നമ്മൾക്കിടയാകട്ടെ.

Comments
Post a Comment